എന്‍പൊന്നു മക്കളേ…
വാത്സല്യ വര്‍ഷം ചുരന്നൊഴുകീടുമാ
ജീവജലത്തിന്റെ അമ്മിഞ്ഞപ്പാലിലൂടെന്‍
ജീവരക്തം വലിച്ചൂറ്റിയിട്ടിന്നു്
വിഷലിപ്തമാക്കി വിതരണം ചെയ്യുന്നു
പൂതനയാക്കുന്നു പെറ്റമ്മയേ തന്നെ
ലാഭാര്‍ത്തി മൂത്തൊരാ ഘോര നൃശംസത
പുഴകളായൊഴുകുന്നൊരെന്‍ ജീവനാടിയില്‍
കുത്തിക്കുഴിച്ചും, കിളച്ചും, മണല്‍കോരിയും,
എന്‍ രക്തധമനികള്‍ മുറിച്ചും,
എന്റെ ജഡമുടിക്കാടുകള്‍ പറിച്ചും,
പിഞ്ചു ജൈവ വൈവിധ്യം മുടിച്ചും,
കാരിരുമ്പിന്റെ കരത്തിനാല്‍
എന്റെ ദേഹമാം കുന്നുകള്‍ തുരന്നും,
ഇനി ജനിക്കേണ്ടുന്ന തലമുറയ്ക്കായുള്ള
വിത്തെടുത്തുണ്ണുന്നു, പ്രാണന്‍ മുടക്കുന്നു
പ്ലാസ്റ്റിക്കിനാല്‍ എന്നെ മുഖപടം ചാര്‍ത്തിച്ചു്,
മരണ ശയ്യാവലംബ ആക്കുന്നതറിയുന്നുവോ നിങ്ങള്‍ ?
തടയുക, തകര്‍ക്കുക, കുലം മുടിച്ചീടുമീ
അന്ധകാരത്തിന്റെ ആത്മമിത്രങ്ങളേ തടയുക
ക്ഷമയരുത് മക്കളേ അമ്മയോളം ക്ഷമ!
pdf version: PDF
odt version: ODT
18 Jul
